ലൂയീസ്വിൽ (ഡാളസ്): നോർത്ത് അമേരിക്കയിലെ മലയാളി കായിക മാമാങ്കമായ 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാരായി.
ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകൾക്ക് (3-0) നയാഗ്ര സ്പാർട്ടൻസിനെ കീഴടക്കിയാണ് കാലിഫോർണിയ കിരീടം ചൂടിയത്. കനത്ത പോരാട്ടം കാഴ്ചവച്ച നയാഗ്ര സ്പാർട്ടൻസ് റണ്ണേഴ്സ് അപ്പ് ട്രോഫി സ്വന്തമാക്കി.
ടൂർണമെന്റിലെ 40 പ്ലസ് വിഭാഗത്തിലും ക്യാപ്റ്റൻ ബിജു മാത്യു മുണ്ടമറ്റത്തിന്റെ നേതൃത്വത്തിൽ ഇറങ്ങിയ കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാരായത് അവർക്ക് ഇരട്ടിമധുരമായി.
വ്യക്തിഗത പുരസ്കാരങ്ങൾ: ടൂർണമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലിഫോർണിയ ബ്ലാസ്റ്റേഴ്സിന്റെ ഗുർപ്രീത് (പ്രിൻസ്) ഗോത്ര "മോസ്റ്റ് വാല്യുബിൾ പ്ലെയർ' (MVP) ആയി തെരഞ്ഞെടുക്കപ്പെട്ടു.
നയാഗ്ര സ്പാർട്ടൻസിന്റെ ലീയാൻഡർ പെരേര "ബെസ്റ്റ് ഒഫൻസീവ് പ്ലെയർ' പുരസ്കാരത്തിന് അർഹനായി. കാലിഫോർണിയ ബ്ലാസ്റ്റേഴ്സിന്റെ സൈമൺ ആന്റണി "ബെസ്റ്റ് സെറ്റർ' ആയും, അഫ്സൽ പീർമുഹമ്മദ് (കാലിഫോർണിയ) "ബെസ്റ്റ് ഡിഫൻസീവ് പ്ലെയർ' ആയും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിനൊപ്പം കളിച്ച ഇന്ത്യൻ മുൻ താരങ്ങളായ അബ്ദുൾ റസാഖ്, വാൾട്ടർ ബെഞ്ചമിൻ എന്നിവരും ഗ്രാൻഡ് സ്പോൺസർ ബിജു തോമസും (ലോസൺ ട്രാവൽസ്) ചേർന്നാണ് ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ സമ്മാനിച്ചത്.
റണ്ണേഴ്സ് അപ്പിനുള്ള പുരസ്കാരങ്ങൾ ടൂർണമെന്റ് ചെയർമാൻ സുനിൽ വർഗീസും, ക്രിസ്റ്റൽ റൂഫിംഗ് ഡയമണ്ട് സ്പോൺസർ സിബി സെബാസ്റ്റ്യനും ചേർന്ന് സമ്മാനിച്ചു.